FANDOM


Surendra Mohan-2002

സുരേന്ദ്രമോഹൻ

മുതിർന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുൻ രാജ്യസഭാംഗവുമായ സുരേന്ദ്ര മോഹൻ (1926-2010)

ഇന്തയിലെ സോഷലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന സുരേന്ദ്രമോഹൻ ധൈഷണികമായ സതസന്ധതയുടെയും ധാർമ്മികതയുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച നേതാവായിരുന്നു. വക്തിപരമായി ഏറെ ത്യാഗങ്ങൾ അദ്ദേഹം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഹരിയാണയിലെ അംബാലയിൽ 1926 ഡിസംബർ നാലിനു് സുരേന്ദ്രമോഹൻ ജനിച്ചു. പിതാവിന്റെ പേരു് റാലി റാം. സ്‌കൂൾ അധ്യാപകനായി സുരേന്ദ്രമോഹൻ കർമരംഗത്തേക്കു കടന്ന സുരേന്ദ്രമോഹൻ പിന്നീട്‌ കോളജ്‌ അധ്യാപകനായും ബിസിനസുകാരന്ായും (വ്യവസായ സംരംഭകൻ) തൊഴിലാളി യൂണിയൻ നേതാവായും സജീവമായി. പരിസ്ഥിതി പ്രവർത്തകൻ, പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, പാർലമെൻറേറിയൻ എന്നീ നിലകളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു് ശ്രദ്ധേയനായി. ഉന്നതസ്ഥാനങ്ങൾ വഹിച്ചപ്പോഴും സുരേന്ദ്രമോഹൻ ലളിതജീവിതമാണു് നയിച്ചിരുന്നതു്.

ഭാര്യ മഞ്ജു മോഹൻ സാമൂഹപ്രവർത്തകയായിരുന്നു. ഒരു മകനും മകളുമുണ്ടു്.

നാല്പതുകളുടെ ആദ്യം ബനാറസ് ഹിന്ദുസർവകലാശാലയിൽ വിദ്യാർഥിയായി ചേർന്നു. ബനാറസ് ഹിന്ദുസർവകലാശാലയിൽ വിദ്യാർഥി കോൺഗ്രസ്സിൽ അംഗമായി. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ സുരേന്ദ്രമോഹൻ 1943 ഫെബ്രുവരിയിലെ ഗാന്ധിജിയുടെ ഉപവാസക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തു. സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങിയ അദ്ദേഹം, ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായണൻ, അച്യുത്പട്‌വർധൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ അടുത്ത അനുയായി ആയി 1946 ജൂലൈയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർ‍ന്നു. പഞ്ചാബ് സർ‍വകലാശാലയിൽ‍നിന്നു് ബാച്‍ലർ‍ ഓഫ് സയൻ‍സ് ബിരുദവും ആഗ്ര സർ‍വകലാശാലയിൽ‍നിന്നു് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുംനേടി. 1956-58 കാലത്തു് വാരണാസിയിലെ കാശി വിദ്യാപീഠത്തിൽ സോഷ്യോളജി അധ്യാപകനായി. 1958 ജൂലൈയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗമായ സോഷ്യലിസ്റ്റ് യുവജന സഭയുടെ കൺ‍വീനറും1959-61ൽ‍ ദേശീയ ജനറൽ‍ സെക്രട്ടറിയുമായി. 1959ൽ സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ ഹാംബർ‍ഗ് സമ്മേളനത്തിൽ പങ്കെടുത്തു. 1963ൽ‍ പ്രജാ സോഷ്യലിസ്‌റ്റ്‌ പാർ‍ട്ടിയുടെ അന്തർ‍ദേശീയ കാര്യദർ‍ശിയായി.

1965-71 കാലത്തു് പ്രജാ സോഷ്യലിസ്‌റ്റ്‌ പാർ‍ട്ടിയുടെയും 1971-72 കാലത്തു് സോഷ്യലിസ്‌റ്റ്‌ പാർ‍ട്ടിയുടെയും ദേശീയ ജോയിന്റ്‍ സെക്രട്ടറിയായി. 1973 -77കാലത്തു് സോഷ്യലിസ്‌റ്റ്‌ പാർ‍ട്ടിയുടെയും ദേശീയ ജനറൽ‍ സെക്രട്ടറിയായിരുന്നു അടിയന്തരാവസ്‌ഥക്കാലത്ത്‌ അതിനെതിരെ മൂന്നര മാസം ഒളിവിൽ പ്രവർ‍ത്തിച്ച അദ്ദേഹം പിന്നീടു് 10 മാസം മിസ പ്രകാരം തടവിൽ‍ കഴിഞ്ഞു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ജയിലിലായ സമയത്ത്‌ ഹൃദയാഘാതമുണ്ടായപ്പോൾ പരോളിൽ ഇറങ്ങി ചികിൽസ തേടാൻ ജയപ്രകാശ്‌ നാരായൺ ഉപദേശിച്ചെങ്കിലും അതിനു തയ്യാറായില്ല.

ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ, മൊറാർജി ദേശായി മന്ത്രിസഭയിൽ അംഗമാകാനുള്ള ക്ഷണം നിരസിച്ച് പാർട്ടി വക്താവിൻറെ സ്ഥാനം സ്വീകരിച്ചത് ശ്രദ്ധിക്കപ്പെട്ടു. 1977ലും 1979-81 കാലത്തും ജനതാ പാർ‍ട്ടിയുടെ ദേശീയ ജനറൽ‍ സെക്രട്ടറിയായിരുന്നു.1980-ൽ പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ രാമകൃഷ്ണഹെഗ്‌ഡെ, അശോക്‌ മേത്ത, രജനി കോഠാരി, എൻ.സി.ജെയിൻ എന്നിവർക്കൊപ്പം നിർണായക പങ്കുവഹിച്ചു.

1978 ഏപ്രിൽ 3 മുതൽ 1984 ഏപ്രിൽ 2 വരെ ജനതാ പാർ‍ട്ടിയുടെ ഉത്തര പ്രദേശിൽ‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു. 1978-ൽ വെസ്റ്റ് ഇൻഡീസിലെ കെൻ‍സിങ്ടണിൽ (Kensington) നടന്ന കോമൺവെൽ‍ത്ത് പാർ‍ലമെന്ററി കോൺഫെറൻസിൽ‍പങ്കെടുത്തു. ഭാരതസർ‍ക്കാരിന്റെ ഖാദിഗ്രാമവ്യവസായ കമ്മീഷൻ (ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കമ്മിഷൻ) ചെയർമാൻ ആയി 1996നവംബർ‍ മുതൽ‍ 1998 മാർ‍ച്ച് വരെ സേവനം അനുഷ്‌ഠിച്ചു. 1982-1984 കാലത്തു് ഇന്ത്യൻ‍ ഫെഡറേഷൻ‍ ഓഫ്‍ ബിൽ‍ഡിങ് ആന്റ് വുഡ് വർ‍ക്കേഴ്സ് പ്രസിഡന്റായിരുന്നു.

1988 ൽ ജനതാ പാർ‍ട്ടികൂടി ലയിച്ചുണ്ടായ ജനതാദളിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്ന അദ്ദേഹം അതിന്റെ ദേശീയ ജനറൽ‍ സെക്രട്ടറിയായി പ്രവർ‍ത്തിച്ചിട്ടുണ്ടു്. ജനതാദൾ‍ ശിഥിലമായപ്പോൾ‍ അദ്ദേഹം മതേതര ജനതാദളിൽ (ജനതാദൾ -എസ്‌) തുടർ‍ന്നു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന വ്യതിചലിച്ചു് പാർട്ടി അദ്ധ്യക്ഷൻ എച്ച്.ഡി ദേവ ഗൗഡ കർ‍ണാടകത്തിൽ ഭാരതീയ ജനതാ പാർ‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടർ‍ന്നു് 2006 ഡിസംബർ 23നു് കൂടിയ പാർട്ടി ദേശീയ കൗൺസിൽ യോഗം ദേവഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കും ചെയ്തപ്പോൾ പകരം ജനതാദൾ -എസ്‌ ദേശീയ പ്രസിഡന്റായി സുരേന്ദ്ര മോഹനെയാണ്‌ തിരഞ്ഞെടുത്തത്‌. തുടർന്നുണ്ടായ പിളർ‍പ്പിൽ തെരഞ്ഞെടുപ്പു് കമ്മീഷൻ ഗൗഡാ വിഭാഗത്തെ മതേതര ജനതാദളായി അംഗീകരിച്ചപ്പോൾ സുരേന്ദ്ര മോഹൻ നയിച്ച മതേതര ജനതാദൾ 2009 ജനുവരിയിൽ സോഷ്യലിസ്‌റ്റ്‌ ജനതാ പാർ‍ട്ടി എന്ന പേരു സ്വീകരിച്ചു.

നർമ്മദ ബചാവോ ആന്ദോളൻ ഉൾപ്പെടെ പല ജനകീയ, മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളുടെയും മുൻനിരയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980-ൽ‍ പി യു സി എൽ‍ (Peoples’ Union for Civil Liberties) സ്ഥാപിയ്ക്കുന്നതിനു് സഹായം നല്കിയ അദ്ദേഹം അന്നുമുതൽ‍ എന്നും അതിന്റെ ദേശീയ സമിതിയംഗമായിരുന്നു വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തെ സോഷ്യലിസ്‌റ്റുകളുടെ ഡയറക്‌ടറി എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. 2010 ആദ്യം റാം മനോഹർ ലോഹ്യ ജന്മശതാബ്‌ദി സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1976 മുതൽ ജനത വാരികയുടെ പത്രാധിപരുമായിരുന്നു.

(84) ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർ‍ന്നു് 2010 ഡിസംബർ 15-ആം തീയതി വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞു് യമുനാ തീരത്തുള്ള നിഗം ബോധ്‌ ഘട്ടിൽ നടന്നു. കേന്ദ്രമന്ത്രി എസ്. ജയ്പാൽ റെഡ്ഡി, മുൻ മന്ത്രിയും എൽ‍ ജെ പി നേതാവുമായ രാം വിലാസ് പാസ്വാൻ, സാമൂഹികപ്രവർത്തകൻ സ്വാമി അഗ്‌നിവേശ്, പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ്‌ നയ്യാർ സമാജവാദി ജനപരിഷത്തു് നേതാക്കളായ യോഗേന്ദ്ര യാദവ്, അജിത് ഝാ തുടങ്ങി ഒട്ടേറെപ്പേർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. അവസാനത്തെ ഗാന്ധിയൻ സോഷ്യലിസ്‌റ്റിനെയാണു സുരേന്ദ്രമോഹന്റെ നിര്യാണത്തോടെ നഷ്‌ടമായിരിക്കുന്നതെന്നു മന്ത്രി ജയ്‌പാൽ റെഡ്‌ഡി അനുസ്‌മരിച്ചു. ജെഡിയു അധ്യക്ഷൻ ശരത് യാദവ്, എസ്പി അധ്യക്ഷൻ മുലായം സിങ് യാദവ്, സോഷ്യലിസ്‌റ്റ്‌ ജനത (ഡമോക്രാറ്റിക്‌) പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാർ, സമാജവാദി ജനപരിഷത്തു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവർ സുരേന്ദ്രമോഹൻറെ നിര്യാണത്തിൽ അനുശോചിച്ചു.

അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി എന്നും ശബ്‌ദമുയർത്തിയ സമുന്നത സോഷ്യലിസ്‌റ്റ്‌ ചിന്തകനായിരുന്നു സുരേന്ദ്ര മോഹനെന്ന്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ അനുസ്‌മരിച്ചു. മരണംവരെയും അശരണർക്കായി പൊരുതിയ സുരേന്ദ്ര മോഹൻ കമ്യൂണിസ്‌റ്റുകളുടെ നല്ല സുഹൃത്തായിരുന്നെന്ന്‌ സിപിഐ സെക്രട്ടേറിയറ്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാവേലിപുരം ശാല http://malayalamnewsservice.blogspot.in/2010/12/blog-post_17.html

Creative Commons Attribution-Share Alike 2.5 India License

Community content is available under CC-BY-SA unless otherwise noted.