Socialist വിക്കി
Advertisement

ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയാണു് സമാജവാദി ജനപരിഷത്ത്‌. ഇന്ത്യൻ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൻറെ തുടർച്ചയായി 1995 ജനുവരി 1-ആം തീയതി നിലവിൽ വന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിലെ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് -എൻ എ പി എം) പ്രധാനഘടകസംഘടനകളിലൊന്നാണു് സമാജവാദി ജന പരിഷത്ത്‌.

പശ്ചാത്തലം[]

1977-ൽ ജനതാ പാർട്ടിയുടെ ആവിർഭാവത്തോടെ തിരോധാനം ചെയ്ത ഇന്ത്യൻ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൻറെ തുടർച്ചയായിട്ടാണു് സമാജവാദി ജനപരിഷത്തിന്റെ ആവിർഭാവം. ഇന്ത്യൻ ജനാധിപത്യത്തിൻറെ പുനഃസ്ഥാപനത്തിനു് വേണ്ടി സോഷ്യലിസ്റ്റ്‌ പാർട്ടി മറ്റു് കക്ഷികളോടൊപ്പം ചേർന്നു് ജനതാ പാർട്ടിയായി മാറിയിരുന്നു. ജനതാ പാർട്ടി അതിന്റെ ലക്ഷ്യം നേടുന്നതിൽ വിജയിച്ചില്ല. സോഷ്യലിസ്റ്റുകൾ ചിതറിപ്പോവുകയും ചെയ്തു. പിൻനീടു്, രാജനാരായണനും ശിവരാമ ഭാരതിയും സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനു് ശ്രമിച്ചെങ്കിലും സോഷ്യലിസ്റ്റു് ആദർശത്തെയും ചിന്തയേയും കാലാനുസൃതമായി പുനഃസ്ഥാപിയ്ക്കുവാനുള്ള ശ്രമമുണ്ടായതു് സമാജവാദി ജനപരിഷത്തിലൂടെയാണു്.

പുതിയ സോഷ്യലിസ്റ്റ്‌ കക്ഷിയായ സമാജവാദി ജനപരിഷത്തിനു് അംബേഡ്കർ ചിന്താഗതിക്കാരുടെയും ദലിത-ആദിവാസി പ്രസ്ഥാനങ്ങളുടെയും ഇതര ജനകീയ വിപ്ലവധാരകളുടെയും പശ്ചാത്തലവും ജൻമനാ തൻനെ ലഭിച്ചു. സ്ത്രീ-ദലിത-ആദിവാസി-പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കൂടി ഉൾക്കൊള്ളുന്ന സോഷ്യലിസമാണു് സമജവാദി ജനപരിഷത്തിന്റേതു്.

ഇന്ത്യൻ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൻറെ പുതിയ ഘട്ടം[]

1995 ജനുവരി 1-ആം തീയതി മഹാരാഷ്ട്രത്തിലെ ഠാണെയിലായിരുന്നു സ്ഥാപന സമ്മേളനം. ഇന്ത്യൻ സാമൂഹികവിപ്ലവത്തിന്റെ പിതാവായ മഹാത്മാ ഫൂലെയുടെ സഹധർമ്മിണി സാവിത്രി ഭായി ഫൂലെയുടെ പേരായിരുന്നു സ്ഥാപനസമ്മേളന നഗരിയ്ക്കു് നൽകിയിരുന്നതു്. നഗരസഭയിലെ തൂപ്പു് ജോലിക്കാരിയായ ശകുന്തള കജാനിയയാണു് കൊടിയുയർത്തിയതു്. ഉത്തര ബംഗാളിലെ ആദിവാസി നേതാവായ ജഗൽ കിശോര് റായവീരനായിരുന്നു ആദ്യദേശീയ അദ്ധ്യക്ഷൻ.

1972-നു് ശേഷം പാർട്ടി പ്രവർത്തനത്തിൽ നിന്നും പിൻമാറി ജനകീയ മുന്നേറ്റപ്രവർത്തനങ്ങളിൽ മാത്രം മുഴുകിയിരുന്ന കിഷൻ പട്നായക് ഏകോപിപ്പിച്ചിരുന്ന ജനാന്ദോളന സമന്വയ സമിതിയിലെ (ജ സ സ) അംഗസംഘടനകളായ 1974-ലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്ന ഛാത്ര യുവസംഘർഷ വാഹിനി, ഉത്തര ‍ബംഗ്‌ തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്‌) കേരളത്തിലെ സമത വിദ്യാർത്ഥി സംഘടന തുടങ്ങിയവയും മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്‌ ഫ്രണ്ടും അംബേഡ്കരുടെ അനുയായികളുടെ സംഘടനകളും ഉൾപ്പെടെ നിരവധി സംഘടനകൾ ചേർന്നാണു് സമാജവാദി ജനപരിഷത്തുണ്ടായതു്.

ഘടന[]

ദലിത-ആദിവാസി പിൻനാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ആയി 60 ശതമാനം പ്രതിനിധ്യം സംഘടനയുടെ എല്ലാ ഘടകങ്ങളിലും കൃത്യമായി ഉറപ്പു് വരുത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജനപരിഷത്ത്‌. ഭാരവാഹികൾക്കു് തുടർച്ചയായി രണ്ടു് വട്ടം മാത്രമേ ഒരേ സ്ഥാനത്തു് തുടരാനാകൂ. രണ്ടു് വർഷത്തിലൊരിയ്ക്കൽ ചേരുന്ന ദേശീയസമ്മേളനമാണു് ദേശീയ അദ്ധ്യക്ഷനെയും മഹാമന്ത്രിയെയും ദേശീയ നിർവ്വാഹക സമിതിയെയും തിരഞ്ഞെടുക്കുന്നതു്.

പച്ച, ചെമപ്പ്‌, നീല വർണ്ണങ്ങൾ ലംബമായി വിന്യസിച്ചതും നടുക്കു് വിലങ്ങനെ വച്ച കലപ്പയും ചക്രവും ആലേഖനം ചെയ്തതുമായ പതാകയാണു് സമാജവാദി ജനപരിഷത്തിൻറേതു്‌. പരിസ്ഥിതി സംരക്ഷണത്തിനും വിപ്ലവത്തിനും സാമൂഹികനീതിക്കും തുല്യപ്രധാന്യമാണു് കൊടിയുടെ പച്ച, ചെമപ്പ്‌, നീല വർണ്ണങ്ങൾ കാണിയ്ക്കുന്നതു്.ചെറുകിട തൊഴിലുകാരും കൃഷിക്കാരുമായ ഉൽപാദക ശക്തികളുടെ ഐക്യത്തെയാണു് വിലങ്ങനെ വച്ച ചക്രവും കലപ്പയും സൂചിപ്പിയ്ക്കുന്നതു്‌.

പുറം കണ്ണികൾ[]

Advertisement